പത്തനംതിട്ട : സുഗമമായ വൈദ്യുതി വിതരണത്തിനും പൊട്ടിവീഴുന്ന വൈദ്യുതി കമ്പികളിൽ നിന്ന് ഷോക്ക് ഏൽക്കാതിരിക്കാനും കെ.എസ്.ഇ.ബി നടപ്പാക്കി തുടങ്ങിയ എ.ബി.സി (ഏരിയ ബൺഡിൽഡ് കേബിൾ) പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ജില്ലയിൽ രണ്ടുവർഷം മുൻപ് തുടങ്ങിയ പദ്ധതി പകുതിപോലും എത്തിയില്ല. വൈദ്യുതി കമ്പികൾ കറുത്ത ഇൻസുലേഷൻ ഉപയോഗിച്ച് കവർ ചെയ്ത് ഇഴചേർത്തു കെട്ടുന്നതാണ് പദ്ധതി. ജില്ലയിൽ വിവിധ നഗരങ്ങളിൽ ഇത്തരം കേബിളുകൾ കെട്ടിയിട്ടുണ്ട്. മഴക്കാലത്ത് മരങ്ങൾ ഒടിഞ്ഞു വീണാൽ കേബിൾ പൊട്ടിനിലത്തു വീഴാറുണ്ട്. എന്നാൽ ഇൻസുലേഷൻ കേബിളിൽ ചവിട്ടുമ്പോൾ ഷോക്ക് ഏൽക്കില്ല. ഒരു ക്വിന്റൽ വരെ ഭാരം വീണാലും കമ്പികൾക്ക് തകരാർ സംഭവിക്കില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
കുറേ വർഷങ്ങളായി ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വൈദ്യുതി ബോർഡിനുണ്ടായ നഷ്ടം കോടികളാണ്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വൈദ്യുതി കമ്പികൾ മിക്കയിടത്തും പൊട്ടിവീണു. വൈദ്യുതി ബോർഡിന് ലക്ഷങ്ങളാണ് നഷ്ടം. മൂന്നു ദിവസത്തിനു ശേഷമാണ് ജില്ലയിൽ പൂർണ തോതിൽ വൈദ്യുതി പുന:സ്ഥാപിച്ചത്. മഴക്കാലത്ത് വൈദ്യുതി കമ്പികൾ പൊട്ടിവീഴുന്ന വെളളത്തിൽ ചവിട്ടി ആളുകൾക്ക് ഷോക്ക് ഏൽക്കുന്ന സംഭവങ്ങളും പതിവാണ്. ഇത് ഒഴിവാക്കുന്നതിനാണ് എ.ബി.സി പദ്ധതി നടപ്പാക്കുന്നത്.