ബെംഗളൂരു: കേരളത്തില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി നാളെ ബെംഗളൂരു വിടും. രാവിലെ 9 മണിക്കുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കാനാണ് മഅദനിയും കുടുംബവും തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ അന്‍വാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. ചികിത്സക്കായി പിന്നീട് കൊച്ചിയിലേക്ക് തിരിക്കും. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ബെംഗളൂരുവിലെ വിചാരണ കോടതിക്ക് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
9 വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ജാമ്യത്തില്‍ കഴിയവേ ഉപാധികളോടെ അഞ്ചു തവണ മഅദനി കേരളത്തിലേക്ക് പോയിരുന്നു. 2008 ലെ ബാംഗ്‌ളൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുല്‍ നാസ്സര്‍ മഅദനിയെ 2010ലാണ് കര്‍ണാടക പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന കേരളത്തില്‍ നിന്ന് അറസ്റ്റു ചെയ്യുന്നത്. കേസിലെ ഒന്നാം പ്രതിയും ലഷ്‌കര്‍ – ഇ- ത്വയിബ കമാന്‍ഡറുമായ തടിയന്റവിട നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മഅദനിയുടെ അറസ്റ്റ്.