കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി അന്‍വാര്‍ശേരിയില്‍ എത്തി. ബെംഗളൂരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിന്‍വലിച്ചതോടെയാണ് മഅദനി തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5.45നാണ് മഅദനി അന്‍വാര്‍ശ്ശേരില്‍ എത്തിയത്. ദഫ്മുട്ടിന്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് പിഡിപി പ്രവര്‍ത്തകര്‍ അടങ്ങുന്ന ജനാവലി അദ്ദേഹത്തെ വരവേറ്റത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകള്‍ അന്‍വാര്‍ശ്ശേരിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ടു സംസാരിച്ചു.
ഇന്ന് രാവിലെ 11.30 ഓടെ ബെംഗളുരുവില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഭാര്യ സൂഫിയ മഅദനിയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുമടക്കം 13 പേര്‍ കൂടെയുണ്ടായിരുന്നു. കൊല്ലം ജില്ല വിട്ടുപോകരുതെന്ന ഉപാധിയില്‍ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞദിവസം ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സക്കായി വേണമെങ്കില്‍ പോലീസ് അനുമതിയോടെ കൊല്ലത്തിന് പുറത്തേക്ക് പോകാനും സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.