ബംഗളൂരു: അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനായാണ് മദനി കേരളത്തിലെത്തുന്നത്. ബംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തും. നെടുമ്പാശേരിയിലെത്തുന്ന മഅ്ദനിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആംബുലന്‍സില്‍ കൊല്ലം അന്‍വറാശേരിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കും. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാല്‍ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര കാലം വിചാരണത്തടവുകാരനായി വേറെ ആര്‍ക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മഅദനി പറഞ്ഞു.
ചികിത്സയ്ക്കും പിതാവിനെ സന്ദര്‍ശിക്കാനുമായി ജൂലൈ 8 വരെ കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി ഏപ്രില്‍ 17ന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷയ്ക്ക് 20 അംഗ പോലീസ് സംഘത്തെ അയയ്ക്കാന്‍ ഭീമമായ തുക കെട്ടിവയ്ക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചതോടെ യാത്ര വൈകുകയായിരുന്നു. സുരക്ഷാച്ചെലവില്‍ ഇളവു വരുത്താന്‍ പോലീസ് തയാറായതോടെയാണ് മദനി കേരളത്തിലേക്ക് എത്തുന്നത്.