ബെംഗലൂരു: കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന് അബ്ദുന്നാസര്‍ മഅ്ദനി. മരണപ്പെട്ടാലും അനീതിയോട് സന്ധി ചെയ്യില്ലെന്നും വന്‍ തുക നല്‍കി കേരളത്തിലേക്ക് ഇല്ലെന്നും മഅ്ദനി വ്യക്തമാക്കി. കോടതിയില്‍ നിന്ന് ജാമ്യം കിട്ടി ഇരിക്കുന്ന തനിക്ക് രോഗിയായ പിതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്കും വേണ്ടി പിറന്ന നാട്ടിലേക്ക് പോവണമെങ്കില്‍ പത്തിരുനൂറ് പോലീസും കോടിക്കണക്കിന് രൂപയുമൊക്കെ കൊടുക്കണമെന്ന് പറഞ്ഞാല്‍ അതുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഈ നിബന്ധനകള്‍ പാലിച്ച് കേരളത്തിലേക്ക് പോവാന്‍ തയാറല്ലെന്ന് മദനി വ്യക്തമാക്കി.
സുരക്ഷയൊരുക്കുന്ന കര്‍ണാടക പോലീസിന് പ്രതിമാസം 20 ലക്ഷം രൂപ നല്‍കേണ്ടി വരും. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമെന്നും മദനിയുടെ കുടുംബം പ്രതികരിച്ചു. അതേസമയം കേരള സന്ദര്‍ശനത്തിന്റെ അകമ്പടി ചെലവ് കുറക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേരളത്തില്‍ വരാനുള്ള സുരക്ഷ ചെലവിനത്തില്‍ കര്‍ണാടക പോലീസ് ആവശ്യപ്പെട്ട പണം മുന്‍കൂറായി കെട്ടിവെക്കണം. കര്‍ണാടക പോലീസിന്റെ നിര്‍ദേശത്തിനെതിരെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.