കൊല്ലം : കൊല്ലം കടയ്ക്കലിൽ നിർധനർക്ക് വീട് വെച്ച് നൽകാൻ വ്യാപാരി ഒരു ഏക്കർ ഭൂമി പതിച്ച് നൽകി നാല് വർഷമായിട്ടും നടപടി എടുക്കാതെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്. കോട്ടപ്പുറത്ത് കച്ചവടം നടത്തുന്ന അബ്‍ദുള്ള സൗജന്യമായി നൽകിയ ഭൂമിയാണ് ആർക്കും ഉപകാരമില്ലാതെ കാടുമൂടി നശിക്കുന്നത്. നവകേരള സദസിനായി മുഖ്യമന്ത്രി എത്തുമ്പോൾ നടപടി ആവശ്യപ്പെട്ട് നിവേദനം നൽകാനൊരുങ്ങുകയാണ് അബ്‍ദുള്ള. തമിഴ്നാട്ടിൽ നിന്ന് കപ്പലണ്ടിക്കച്ചവടത്തിനായി മൂന്നര പതിറ്റാണ്ട് മുമ്പ് കേരളത്തിലെത്തിയപ്പോൾ തല ചായ്ക്കാൻ ഇടമില്ലാതെ വലഞ്ഞ ഓർമ്മകള്‍ ഇന്നും അബ്‍ദുള്ളയുടെ ഉള്ളിൽ വിങ്ങുന്നുണ്ട്.
കപ്പലണ്ടി മണി എന്ന പേരിൽ നിന്ന് പലചരക്ക് വ്യാപാരിയായി വളർന്നപ്പോൾ വീടില്ലാത്തവരുടെ സ്വപ്നത്തിനൊപ്പമായി അബ്‍ദുള്ളയുടെ മനസ്. എന്നാൽ മിച്ചം പിടിച്ച് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ ഭൂമി ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്. 55 ലക്ഷം രൂപയ്ക്ക് 2019 ൽ വാങ്ങിയ ഒരു ഏക്കർ ഭൂമിയ്ക്ക് സെന്‍റ് ഒന്നിന് ഒന്നര ലക്ഷമെങ്കിലും മതിപ്പ് വിലയുണ്ട് ഇപ്പോൾ. സ്ഥലത്തേക്ക് കോൺക്രീറ്റ് പാത ഒരുക്കലിൽ മാത്രം ഒതുങ്ങി പഞ്ചായത്ത് നടപടി. ഒരിക്കൽ വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രിയെ പരിഭവം അറിയിച്ചാൽ ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി.