പീരുമേട്: പരുന്തുപാറയില്‍ ഭൂമി കയ്യേറ്റം ഉണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നത് ചില റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടമാണെന്ന് വ്യാപകമായി പരാതി ഉയരുന്നു. ഇതിനുപിന്നില്‍ ചിലരുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന സംശയവും ബലപ്പെടുകയാണ്. പീരുമേട് വില്ലേജിലെ 534, മഞ്ചുമല വില്ലേജിലെ 441 എന്നീ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമാണെന്നും നിര്‍മ്മാണങ്ങള്‍ എല്ലാം അനധികൃതമാണെന്നുമുള്ള ആരോപണങ്ങള്‍ തെളിയിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെപ്പിച്ചുകൊണ്ട് നടത്തുന്ന അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്.
തുടക്കത്തില്‍ രണ്ടുമാസത്തെ നിരോധനാജ്ഞയാണ് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചിരുന്നത്. അന്വേഷണത്തില്‍ കാര്യമായ കയ്യേറ്റങ്ങള്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. എന്തെങ്കിലും കണ്ടുപിടിക്കണം, ചിലരെയൊക്കെ കയ്യേറ്റക്കാരായി ചിത്രീകരിക്കണം എന്നുള്ള ചിലഉദ്യോഗസ്ഥരുടെ പിടിവാശിയും ചില സ്ഥാപിത താല്‍പ്പര്യങ്ങളുമാണ് ഇപ്പോള്‍ മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രണ്ടുമാസംകൂടി നിരോധനാജ്ഞ നീട്ടിയിരിക്കുകയാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പരുന്തുപാറ. ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്. ഒരുനാടിന്റെ വികസനവും പ്രതീക്ഷകളുമാണ് റവന്യുവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് കരിഞ്ഞുണങ്ങുന്നത്. എന്തായാലും ശക്തമായ നിയമപോരാട്ടങ്ങള്‍ വരുംനാളുകളില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. തെറ്റായ തീരുമാനങ്ങള്‍ക്കും അതുമൂലമുണ്ടായ നഷ്ടങ്ങള്‍ക്കും ചിലരൊക്കെ കണക്കു പറയേണ്ടിവരുകതന്നെ ചെയ്യും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം കിട്ടിയ ഭൂമിക്ക് പോക്കുവരവ് ചെയ്ത് കരം അടച്ച് വരുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ ഇതെല്ലാം കയ്യേറ്റമാണെന്ന് വാര്‍ത്തകളിലൂടെ പ്രചരിപ്പിച്ചത് ഹരിശ്ചന്ദ്രന്‍ ചമയുന്ന ഒരു ഉദ്യോഗസ്ഥനാണ്. താന്‍ മാത്രമാണ് ശരി, തനിക്കുമാത്രമേ എല്ലാം അറിയൂ എന്നും നടിക്കുന്ന ഇദ്ദേഹത്തിന് പേരും പ്രശസ്തിയും നേടുവാന്‍ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ കള്ളന്മാരും കയ്യേറ്റക്കാരുമായി ചിത്രീകരിച്ചു. ഒപ്പം പീരുമേട്ടിലെ റവന്യൂ ജീവനക്കാരെ മൊത്തത്തില്‍ അഴിമതിക്കാരാക്കി. ജനങ്ങളോട് അടുത്തിടപെടുന്നതും ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വ്യക്തമായി അറിയാവുന്നവരുമാണ് പീരുമേട്ടിലെ റവന്യൂ ജീവനക്കാര്‍ എന്ന് ജനങ്ങള്‍ പറയുന്നു. മദമിളകിയ കാട്ടാനയുടെ മുമ്പില്‍ ഇവരില്‍ പലരും ഇന്ന് പകച്ചുനില്‍ക്കുകയാണ്.
പീരുമേട് ഗ്രാമപഞ്ചായത്തും ജനങ്ങളോടൊപ്പമാണ്. പരുന്തുപാറയില്‍ കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനും വിവിധങ്ങളായ ടൂറിസം പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന്റെയും തിരക്കിലാണ് പീരുമേട് ഗ്രാമപഞ്ചായത്ത്. കയ്യേറ്റം ഉണ്ടെങ്കില്‍ അവ ഒഴിപ്പിക്കുകയും അവിടെ അനധികൃത നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കില്‍ പൊളിക്കുകയും വേണം. എന്നാല്‍ ആരാണ് കയ്യേറിയത്, എവിടെയാണ് കയ്യേറ്റം എന്നിവയെക്കുറിച്ച് വ്യക്തത വേണം. അന്വേഷണത്തിന്റെ പേരില്‍ നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോയി ഒരുപ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാക്കിയിരിക്കുകയാണെന്നും ഇനിയും ഇതംഗീകരിച്ചുകൊണ്ട് പോകുവാന്‍ കഴിയില്ലെന്നും ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുമ്പോട്ടു പോകുമെന്നും പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ദിനേശന്‍ പറഞ്ഞു.