വത്തിക്കാൻ: ശ്വാസകോശത്തിലെ മുഴ നീക്കാനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരും. വരും ദിവസങ്ങളിൽ ഈ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ വിശദമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പതിവ് വൈദ്യപരിശോധനയിലാണ് ശ്വാസകോശത്തിൽ ചെറിയൊരു മുഴ കണ്ടെത്തിയത്. പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയതിനാൽ ഇതൊരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടർമാർ വിശദമാക്കിയിട്ടുള്ളത്. ഞായറാഴ്ച വത്തിക്കാനിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് 71കാരനായ മാർപ്പാപ്പ രോഗവിവരം വിശ്വാസികളോട് വിശദമാക്കിയത്.
തനിക്കായി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ നടക്കുന്ന ശസ്ത്രക്രിയ വിജയകരമാകുന്നതിനായി പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് വിശ്വാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.ഇറ്റാലിയൻ ഭാഷയിൽ നൽകിയ സന്ദേശത്തിലാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ച കാര്യം അദ്ദേഹം പങ്കുവെച്ചത്. റോമിലെ പ്രശസ്തമായ ഗെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുമെന്നാണ് വത്തിക്കാൻ പുറത്തുവിട്ട വിവരങ്ങൾ വിശദമാക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഏകദേശം ഒരു ആഴ്ചത്തെ വിശ്രമവും പരിചരണവും ആവശ്യമായി വരുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത മാർപ്പാപ്പ വളരെ സജീവമായ ജീവിതരീതി പിന്തുടരുന്ന വ്യക്തിയാണ്. ആഴ്ചതോറുമുള്ള ടെന്നീസ് കളിയും നീന്തലും അദ്ദേഹത്തിന്റെ ദിനചര്യകളുടെ ഭാഗമാണ്.




























