ചെന്നൈ : തമിഴ്നാട്ടില്‍ ക്ഷേത്രപൂജാരിമാരായി സ്ത്രീകളെ നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. കൃഷ്ണവേണി, എസ്.രമ്യ, എൻ. രഞ്ജിത എന്നിവരെ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് നിയമിക്കുക. സഹപൂജാരിമാരായിട്ടാണ് ഇവര്‍ ചുമതലയേല്‍ക്കുന്നത്. ചൊവ്വാഴ്ച ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ ട്രെയിനിംഗ് സ്‌കൂളിൽ കോഴ്‌സ് പൂർത്തിയാക്കിയ മൂന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും തമിഴ്‌നാട് മന്ത്രി ശേഖർ ബാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുരോഹിതരാകാൻ ആഗ്രഹിക്കുന്ന മറ്റു പല സ്ത്രീകൾക്കും ഇതൊരു പ്രചോദനമാകുമെന്ന് മൂവരം പറഞ്ഞു.
കടലൂരിൽ നിന്നുള്ള എംഎസ്‌സി ബിരുദധാരിയാണ് രമ്യ. “സ്ത്രീകൾക്കും പുരോഹിതരാകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ, ഇപ്പോൾ എല്ലാ മേഖലകളിലും സ്ത്രീകൾ സാന്നിധ്യമുള്ളതിനാൽ ഞങ്ങൾ അതിനെ ഒരു അവസരമായാണ് കണ്ടത്.” രമ്യ പറഞ്ഞു. പരിശീലനം തുടക്കത്തിൽ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ബുദ്ധിമുട്ടാണെങ്കിലും, തങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഞങ്ങളുടെ അധ്യാപകനായ സുന്ദർ ഭട്ടറും ഞങ്ങളെ നന്നായി പഠിപ്പിച്ചു. സർക്കാരിനും ഞങ്ങളുടെ എല്ലാ അധ്യാപകർക്കും പിന്തുണ നൽകിയതിന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു” രമ്യ പറയുന്നു.