പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്ന് ആരോപിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിന് പാറശാല ഏരിയ കമ്മിറ്റിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിൽ പരാതി. മഹിളാ അസോസിയേഷൻ ഭാരവാഹിയും മകളും പാർട്ടി ഏരിയ കമ്മിറ്റി മുൻപാകെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ജില്ലാ കമ്മിറ്റിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവിടെ നിന്നുള്ള നിർദേശപ്രകാരം ഏരിയ കമ്മിറ്റിയിലെ രണ്ട് വനിതാ അംഗങ്ങളെ പരാതി അന്വേഷിക്കാൻ ചുമതലപ്പെടുത്തി.
ഇവർ അന്വേഷണ റിപ്പോർട്ട് ഏരിയ കമ്മിറ്റിക്ക് സമർപ്പിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ആരോപണവിധേയനായ ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നു കാട്ടിയാണ് യുവതിയും മാതാവും വീണ്ടും ജില്ലാ കമ്മിറ്റിയെ സമീപിച്ചത്. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ഇന്നലെ ചിലർ പുറത്തുവിട്ടത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.































