തൃശ്ശൂര്‍ : മന്ത്രി എ. സി മൊയ്തീൻ ചട്ട വിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനാവാസ്. പരാതി കിട്ടിയാൽ റിപ്പോർട്ട് തേടുമെന്നും കളക്ടർ അറിയിച്ചു. മന്ത്രി എ. സി മൊയ്തീന്‍റെ വോട്ടിനെതിരെ അനിൽ അക്കര എംഎൽഎയാണ് രംഗത്തെത്തിയത്. മന്ത്രി ഏഴ് മണിക്ക് മുൻപ് വോട്ട് രേഖപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം.
മന്ത്രി 6.55 വോട്ടുചെയ്തത് ചട്ടവിരുദ്ധമാണെന്നായിരുന്നു അനിൽ അക്കരയുടെ ആരോപണം. ബൂത്തിലെ ആദ്യ വോട്ടറായിരുന്നു മന്ത്രി. എന്നാൽ മന്ത്രി കൃത്യം ഏഴ് മണിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. ആദ്യഘട്ടത്തിൽ സാധരണ നടപടിക്രമങ്ങൾ മാത്രമാണ് നടന്നതെന്നും പ്രിസൈഡിംഗ് ഓഫീസർ വ്യക്തമാക്കി.