കടുത്തുരുത്തി : നിയന്ത്രണം നഷ്‌ടമായ കാര്‍ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. കാറിനുള്ളില്‍ അകപ്പെട്ട ഡ്രൈവറെ ഫയര്‍ ഫോഴ്‌സെത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ച രണ്ടോടെ കാപ്പുന്തലക്ക് സമീപം നീരാക്കപടിയിലാണ് അപകടം. കുറവിലങ്ങാട് തടിമില്ല് നടത്തുന്ന അരുണാശ്ശേരി ജങ്ഷനിലെ അരുണാശ്ശേരില്‍ വീട്ടില്‍ എ.കെ തോമസാണ് (65) കാറിനുള്ളില്‍ കുടുങ്ങിയത്.
കുറവിലങ്ങാടുനിന്ന് വീട്ടിലേക്കു മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. കാര്‍ സമീപത്തെ കൈത്തോട്ടിലേക്കു മറിയുന്നത് എതിരെവന്ന കാര്‍ യാത്രികര്‍ കണ്ടിരുന്നു. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്. അപകടമുണ്ടായ സ്ഥലം കൃത്യമായി കണ്ടെത്താന്‍ വൈകിയതിനാല്‍ അരമണിക്കൂറോളം തോമസ് കാറിനുള്ളില്‍ കുടുങ്ങികിടന്നു. സമീപവാസികളാരും അപകടവിവരം അറിഞ്ഞില്ല. തുടര്‍ന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.