ജയ്പൂര്‍: രാജസ്ഥാനില്‍ ഒറ്റ ദിനം രണ്ടു ദുരന്തങ്ങളില്‍ എട്ടു കുട്ടികളുടെ ദാരുണാന്ത്യം സംസ്ഥാനത്തെ കണ്ണീരിലാഴ്ത്തി. ബിക്കാനീറിലെ ഹിമ്മത്സാഗര് ഗ്രാമത്തില്‍ കളിക്കുന്നതിനിടെ ധാന്യം സൂക്ഷിച്ച കണ്ടെയ്നറിലുള്ളിലേക്ക് ചാടി ശ്വാസംമുട്ടി അഞ്ചു കുട്ടികളും ഝുന്ഝു ജില്ലയില്‍ മണ്ണിടിഞ്ഞുവീണ് മൂന്നു കുട്ടികളുമാണ് മരണത്തിന് കീഴടങ്ങിയത്.
ധാന്യം സൂക്ഷിച്ചുവെച്ച കണ്ടെയ്നറിനു സമീപം കളിക്കുകയായിരുന്ന കുട്ടികള്‍ കളിയുടെ ഭാഗമായി സംഘം ചേര്‍ന്ന് അകത്തേക്ക് ചാടുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായാണ് ചാടിയത്. അവസാനത്തെ കുട്ടി ചാടുന്നതിനിടെ അപ്രതീക്ഷിതമായി അടപ്പ് അടഞ്ഞ് ശ്വാസം മുട്ടിയാണ് മരണം. പുറത്തുപോയി ഏറെ നേരം കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കുട്ടികളെ കാണാതെ തിരച്ചില്‍ തുടങ്ങിയതോടെയാണ് കണ്ടെയ്നര്‍ അടഞ്ഞുകിടക്കുന്നത് കണ്ടത്. തുറന്നു നോക്കിയപ്പോള്‍ ശ്വാസംനിലച്ച് കിടക്കുന്ന കുരുന്നുകളെ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം തട്ടിയെടുത്തു.
നാലു വയസ്സിനും എട്ടു വയസ്സിനുമിടയിലുള്ള കുട്ടികളാണ് മരിച്ച നാലു പേര്. മറ്റൊരു സംഭവത്തില്‍, ഝുന്ഝുവില് കളിക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞുവീണാണ് ദുരന്തമുണ്ടായത്. മണ്ണുനീക്കി കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 10 വയസ്സിന് താഴെയുള്ളവരാണ് കുട്ടികള്‍. ഒരു കുട്ടി പരിക്കുകളോടെ ചികിത്സയിലാണ്.