കോന്നി : ഇന്നലെ പയ്യനാമൺ ചെങ്കുളം പാറമടയിൽ കൂറ്റൻ പാറ കഷ്ണം ഇടിഞ്ഞ് എസ്കവേറ്ററിനുള്ളിൽ അകപ്പെട്ട ബീഹാർ സ്വദേശി അജയ് റായിയുടെ മൃതദേഹം സംഭവം നടന്ന് 24 മണിക്കൂറിനു ശേഷവും പുറത്തെടുക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടേകാലോടെ ആണ് ഒരു നാടിനെ ഞെട്ടിച്ച അതിദാരുണ ദുരന്തം ഉണ്ടായത്. അപകടത്തിൽ പെട്ട് മരണം അടഞ്ഞ എസ്‌കവേറ്റർ ഓപ്പറേറ്ററുടെ സഹായി മഹാദേവ് പ്രധാനിന്റെ മൃതദേഹം പാറകൾക്ക് ഇടയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ എസ്കവേറ്ററിന് ഉള്ളിൽ അകപ്പെട്ട അജയ് റായ് ക്യാബിനുള്ളിൽ അകപ്പെട്ട് അതിന് മുകളിലായി ടൺ കണക്കിന് പാറ മൂടിയതിനാൽ ആണ് ഇന്നലെ മുതൽ രക്ഷാ പ്രവർത്തനം വൈകിയത്.
കഴിഞ്ഞ ദിവസം മുതൽ അടിക്കടി പാറ ഇളകി വീഴുന്നത് ദൗത്യത്തെ ബാധിച്ചു എങ്കിലും അടിയന്തര സാഹചര്യം ഒരുക്കുന്നതിലും ജില്ലാ ഭരണകൂടത്തിന് ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചത്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടർ, ഫയർ ആൻഡ് റെസ്ക്യു, എൻ ഡി ആർ എഫ്, ഫയർ ഫോഴ്സ് ടാസ്ക് ഫോഴ്‌സ് ജില്ലാ ഓഫീസർമാരുടെ നേതൃത്വത്തിൽ ആണ് രക്ഷാ ദൗത്യം. എന്നാൽ ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടായാൽ അതിവേഗം രക്ഷപ്രവർത്തനം നടത്താൻ ആവശ്യമായ യന്ത്ര സാമഗ്രികൾ ഇല്ലാത്തതിനാൽ ആണ് മറ്റ് ജില്ലകളിൽ നിന്ന് ഇത് എത്തികേണ്ടി വന്നതും രക്ഷാ പ്രവർത്തനം വൈകിയതും.