കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ കരിങ്കൽ ഇടിഞ്ഞു വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ കോന്നി താലൂക്ക് ഓഫീസിൽ അവലോകന യോഗം ചേർന്നു. പത്തനംതിട്ട ജില്ലാ കളക്റ്റർ എസ് പ്രേംകൃഷ്ണൻ ഐ എ എസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പ്രദേശവാസികളുടെ പ്രതിനിധികളും വിവിധ വകുപ്പ് തല മേധാവികളും പങ്കെടുത്തു. പരിസ്ഥിതി വകുപ്പിന്റെ അനുമതിയോ മറ്റ് അനുമതികളോ ഇല്ലാതെയാണ് പാറമട അവിടെ പ്രവർത്തിക്കുന്നത് എന്നും അനധികൃത ഖനനം മൂലം പാറമടയിൽ കെട്ടി നിൽക്കുന്ന വെള്ളം പ്രദേശത്ത് വൻ ദുരന്തമുണ്ടാക്കുവാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ യോഗത്തെ അറിയിച്ചു. മുൻപ് പല തവണ ജില്ലാ കളക്ടർ അടക്കം സ്ഥലം സന്ദർശിട്ടും നടപടി ഉണ്ടാകുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.
പാറമട മാലിന്യങ്ങൾ അടക്കം പ്രദേശത്തെ കിണറുകളിലും ജലാശയങ്ങളിലും നിറഞ്ഞിട്ട് ജനങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് എന്നും മനുഷ്യ വിസർജ്യം അടക്കം ഈ ജലത്തിൽ കലർന്നിട്ടുണ്ടെന്ന് പരിശോധനകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും യോഗത്തെ അറിയിച്ചു. നിരവധി പരാതികൾ നൽകിയിട്ടും പരിഹാരം കാണുന്നില്ല എന്നും പ്രദേശവാസികൾ യോഗത്തെ അറിയിച്ചു. തികച്ചും സുരക്ഷിതമല്ലാത്ത രീതിയിൽ ആണ് പാറ ഖനനം നടന്നത് എന്നും ഇവർ പറഞ്ഞു. പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ച് വന്നിരുന്ന ഭൂമിയിലെ റോഡ് പോലും അടച്ചത് ജനങ്ങൾക്ക് വലിയ ദുരിതം സമ്മാനിക്കുന്നു എന്നും ഇവർ വ്യക്തമാക്കി.
തൊഴിലാളികൾ ഒരു മണിയോടെ മരണപെട്ടതിന് ശേഷം ഇവർ പാറമട പൂട്ടി ഇടുവാൻ ശ്രമം നടത്തിയെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. മാത്രമല്ല ഇത്രയും വലിയ സംഭവം നടന്നിട്ടും കോന്നി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോ മെയിനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരോ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നും പ്രദേശവാസികൾ പറഞ്ഞു. ഡെപ്യൂട്ടി കളക്റ്റർ ജ്യോതി ലക്ഷ്മി, അടൂർ ആർ ഡി ഒ വിപിൻ കുമാർ, കോന്നി തഹൽസീദാർ സന്തോഷ്, ജില്ലാ ഫയർ ഓഫീസർ പ്രതാപ് ചന്ദ്രൻ അടക്കമുള്ള വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.