ആലപ്പുഴ: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. ചെങ്ങന്നൂര്‍ മുളക്കുഴ പള്ളിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്നുമാണ് എട്ട് കിലോ കഞ്ചാവ് പിടികൂടിയത്.
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍, പഴകുളം സ്വദേശികളായ പൊന്മന കിഴക്കേതില്‍ ഷൈജു, ഫൈസല്‍, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ പോലീസ് പിടികൂടി.
ഷൈജു വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ്. ശനിയാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം നടന്നത്. ഉടന്‍തന്നെ പ്രദേശിവാസികള്‍ ഇവരെ കാറില്‍ നിന്നും പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ തുടങ്ങുന്നതിനിടെ ഇവര്‍ പൊതികള്‍ എടുക്കാന്‍ ശ്രമിച്ചു. ഇതില്‍ സംശയം തോന്നിയ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.