വാഴക്കുളം : വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മണക്കാട് പഞ്ചായത്തംഗം അരിക്കുഴ തരണിയില്‍ ടോണി കുര്യാക്കോസിന്റെ മകന്‍ അലന്‍ (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ കദളിക്കാട് ഹൈറേഞ്ച് ടൈല്‍സിനു മുമ്പിലായിരുന്നു അപകടം.
ടൈല്‍സ് കടയുടെ മുമ്പില്‍ മുവാറ്റുപുഴയ്ക്കുള്ള ദിശയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നില്‍ അലന്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് അലന്‍ റോഡില്‍ തലയിടിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അലനെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തടി ലോറി അപകടകരമായ വിധത്തില്‍ റോഡിലേക്ക് ഇറക്കിയാണ് നിര്‍ത്തിയിട്ടിരുന്നതെന്നും ഭാരവണ്ടികളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ചുവപ്പ് വെളിച്ചം ലോറിയില്‍ ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകട മരണത്തിന് സാഹചര്യമായതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.