പത്തനംതിട്ട : നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽനിന്ന് റോഡരികിലെ വെള്ളക്കെട്ടിലേക്ക് തെറിച്ചു വീണ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത യുവാവിനെ ഗുരുതര പരുക്കുകളോടെ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പീരുമേട് കരടിക്കുഴി പട്ടുമുടി കല്ലുമുടിയിൽ സജീവ് കുമാർ (34) ആണ് മരിച്ചത്. പീരുമേട് പാമ്പനാർ എസ്റ്റേറ്റ് സതീഷിന് (35) ആണ് പരുക്കേറ്റത്.
ഇന്നലെ 7ന് ശേഷം പത്ത നംതിട്ട ശബരിമല ഇടത്താവളത്തിന് സമീപമായിരുന്നു അപകടം. കൊല്ലം പൂയപ്പള്ളിയിൽ നിർമാണ തൊഴിലാളികളായ ഇവർ റാന്നിയിലുള്ള കരാറുകാരനെ കാണാൻ പോയി തിരികെ വരുമ്പോൾ റോഡിൽ തെന്നി ബൈക്ക് വയലിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെതുടർന്ന് ആംബുലൻസ് എത്തി സതീഷിനെ ആശുപത്രിയിൽ എത്തിച്ചു. ഈ സമയം വെള്ളത്തിൽ മുങ്ങിപ്പോയ സജീവ് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. സതീഷിന്റെ പോക്കറ്റിൽ 2 മൊബൈൽ ഫോൺ കണ്ട് സംശയം തോന്നിയ ആംബുലൻസ് ജീവനക്കാർ വിവരം തിരക്കിയെങ്കിലും താൻ ഒറ്റയ്ക്കായിരുന്നെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ഇതിൽ ഒരു ഫോണിലേക്ക് വന്ന കോളിൽ നിന്നാണ് സതീഷിനൊപ്പം രണ്ടാമതൊരാൾ കൂടി യാത്രചെയ്തെന്ന വിവരം ആംബുലൻസ് ജീവനക്കാർക്ക് ലഭിച്ചത്.
തുടർന്ന് അപകട സ്ഥലത്ത് തിരികെയെത്തി നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ കിടക്കുകയായിരുന്ന സജീവിനെ കണ്ടെത്തിയത്. വെള്ളക്കെട്ടിൽ നിന്ന് കരയിലേയ്ക്ക് എടുത്തപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇരുവരും മദ്യ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.