ഭുവനേശ്വർ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ സിമൻ്റ് കമ്പനിയിലെ ഇരുമ്പ് പാളി തകർന്ന് വീണതിനെ തുടർന്ന് കാണാതായ മൂന്ന് തൊഴിലാളികളിൽ രണ്ട് പേരുടെ മൃതദേഹം ശനിയാഴ്ച രാവിലെ പ്ലാൻ്റിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബോയിലറിനുള്ള കൽക്കരി സംഭരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇരുമ്പ് പാളി വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് വീഴുകയായിരുന്നു. രാജ്ഗംഗ്പൂരിലെ ഡാൽമിയ ഭാരത് സിമൻ്റ് കമ്പനിയുടെ പ്രൊഡക്ഷൻ ലൈനിലെ ക്യാപ്റ്റീവ് പവർ പ്ലാൻ്റിൻ്റെ ബോയിലർ ഏരിയയിൽ നിന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 64 ഓളം തൊഴിലാളികളെ രക്ഷപ്പെടുത്തി.
വ്യാപകമായ തിരച്ചിലിനൊടുവിലാണ് 2പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ഡാൽമിയ ഭാരത് സിമൻ്റ് കമ്പനി സൈറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായ മൂന്നാമത്തെ തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. രഞ്ജിത് ഭോൽ (32), ദശരഥി പത്ര (42), സുശാന്ത് റൗട്ട് (55) എന്നിവരെയാണ് അപകടം നടക്കുന്ന സമയത്ത് കാണാതായത്. തമിഴ്‌നാട്ടിലെ പവർ പ്ലാൻ്റ് സേവന ദാതാക്കളായ ഓപ്പറേഷണൽ എനർജി ഗ്രൂപ്പിന്റെ പ്രോജക്ടിന് കീഴിലാണ് മൂവരും പ്രവർത്തിച്ചിരുന്നത്. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ഇൻഷുറൻസും കമ്പനി പ്രഖ്യാപിച്ചു . കൂടാതെ, കുടുംബാംഗങ്ങൾക്ക് കമ്പനിയിൽ ജോലി ലഭിക്കും. അവരുടെ കുട്ടികളുടെ 12-ാം ക്ലാസ് വരെയുള്ള പഠനച്ചെലവുകൾ കമ്പനി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാവിയിലെ സംഭവങ്ങൾ തടയാൻ സുരക്ഷാ പ്രോട്ടോക്കോളുകൾ അവലോകനത്തിലാണ് തങ്ങളെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.