മുണ്ടക്കയം : മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഓട്ടോ മറിഞ്ഞു. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശീയപാതയില്‍ ചിറ്റടിക്ക് സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു വീട്ടമ്മക്ക് പരിക്കേറ്റ അപകടം. മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ ചിറ്റടി വയലിപറമ്പില്‍ ലില്ലിക്കുട്ടിയുടെ (54) കാലില്‍കൂടി ബസ് കയറുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിന് ബസില്‍ കയറുന്നതിനിടെ പിന്നോട്ടു വീഴുകയായിരുന്നത്രെ.
താന്‍ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ട് എടുത്തതാണ് വീഴാനിടയാക്കിയതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ പാറത്തോടിന് സമീപം മറിഞ്ഞു. ഈ അപകടത്തില്‍ ബസ് കണ്ടക്ടര്‍ കോരുത്തോട് എലവുംപാറയില്‍ എബിന്‍(30), ബസ് യാത്രക്കാരന്‍ കോരുത്തോട് മടുക്കപറമ്പില്‍ വിജയന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ വിജയന്റെ ഇടതുകൈപ്പത്തിയിലെ തള്ളവിരലറ്റു.
ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. മറ്റ് രണ്ടുപേര്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയാറാകാതെ വന്നതോടെയാണ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിജയന്‍ ഇതിന് തയാറായത്. പത്തനാടുനിന്ന് മുണ്ടക്കയത്ത് സവാരി പോയി മടങ്ങുകയായിരുന്ന ബാബുവിന്റെ ഓട്ടോയാണ് പാറത്തോട്ടില്‍ അപകടത്തില്‍പെട്ടത്. ബാബുവിന് പരിക്കില്ല.