റാന്നി : പെരുനാട് അത്തിക്കയം കുടിവെള്ള വിതരണത്തിനായുള്ള പൈപ്പുകൾ സ്ഥാപിക്കാനായി എടുത്ത കുഴി വേനല്‍ മഴയ്ക്കു പിന്നാലെ ഇടിഞ്ഞു താണ നിലയില്‍. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വശം കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയേറെയാണ്. ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച റോഡ് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പൈപ്പിടാനായി കുഴിച്ചത്. അന്നു കുഴിയെടുക്കുന്നത് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞതു വിവാദമായിരുന്നു. തുടര്‍ന്നു റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന അധികൃതരുടെ ഉറപ്പു ലഭിച്ച ശേഷമാണ് പൈപ്പുകള്‍ ഇടാനായത്.
പൈപ്പുകൾ സ്ഥാപിച്ചതിനു ശേഷം നന്നായി മണ്ണിട്ട് മൂടാതെ പോയതുമൂലം മഴ പെയ്തപ്പോൾ പല സ്ഥലങ്ങളിലും ഇപ്പോള്‍ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. അത്തിക്കയം അറയ്ക്ക്മൺ ജംഗ്ഷനിൽ നിന്നും പെരുനാട് വഴിക്ക് തിരിയുന്ന വളവിനോട് ചേർന്നാണ് ഇത്തരത്തിൽ അപകടക്കെണി ഉണ്ടായിരിക്കുന്നത്. ഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഇതുവഴി നിത്യേന കടന്നു പോകുന്നത്. കൂടാതെ ഇരുചക്ര വാഹനങ്ങൾക്കും ഇതു അപകട ഭീഷണി ഉണ്ടാക്കുന്നുണ്ട്. പൈപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞതിനാൽ എത്രയും വേഗം റോഡ് പൂർവ്വ സ്ഥിതിയിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.