റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി തോട്ടമണ്ണിലെ അപകട വളവിൽ ഇരുചക്ര വാഹനങ്ങള്‍ അപകടത്തിൽ പെട്ടതിനെ തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ റോഡിൽ മരപ്പൊടി വിതറി അപകട സാധ്യത പരിഹരിച്ചു. തോട്ടമൺ ക്ഷേത്രത്തിനു സമീപമുള്ള കൊടുംവളവില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വലിയ വാഹനങ്ങളിൽ നിന്നും വീഴുന്ന ഡീസൽ കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി അപകടമുണ്ടാകുന്നത് പതിവായിട്ടുണ്ട്. ഇവിടെ തെന്നി വീണ രണ്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റു. വലിയ വാഹനങ്ങൾ ടാങ്ക് നിറയെ ഇന്ധനം നിറച്ച് വരുന്ന സമയം വളവ് തിരിഞ്ഞെത്തുമ്പോള്‍ ടാങ്ക് കവിഞ്ഞ് പുറത്തേക്ക് ഇന്ധനം വീഴുന്നതാണ് പ്രശ്നമാകുന്നത്. ഈ വളവിൽ ഇത്തരം സംഭവം മുൻപും നിരവധി പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. പലപ്പോഴും വന്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്.
ഡീസലില്‍ തെന്നി വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന അപകട മേഖലയില്‍ മരപ്പൊടി വിതറുകയായിരുന്നു. മുമ്പ് അഗ്നിശമന സേന വെള്ളം ഉപയോഗിച്ച് റോഡ് കഴുകുകയാണ് ചെയ്തിരുന്നത്. ഇതുമൂലം സമീപത്തെ കിണറിലെ വെള്ളം കുടിക്കാന്‍ പറ്റാതായതായി വീട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. വെള്ളം ഉപയോഗിക്കുന്നതിലും ഫലപ്രദം മരപ്പൊടി വിതറുന്നതാണെന്ന് കണ്ടാണ് അഗ്നിശമന സേന ഇത് ഉപയോഗിച്ചത്. സ്ഥിരം ഇവിടെ അപകട കെണിയായതോടെ ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.