മല്ലപ്പളളി : കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ചെറുകോൽപുഴ – പൂവനക്കടവ് റോഡും സംസ്ഥാന പാതയും സംഗമിക്കുന്ന സി.എം. എസ് ഹൈസ്കൂൾ ജംഗ്ഷൻ മുതൽ വലിയ പാലം വരെ നിത്യവും ചെറുതും വല്ലതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹൈസ്കൂൾപടിക്കു സമീപം ചാലുങ്കൽ പടിയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചു നിന്നു. കഴിഞ്ഞ ആഴ്ചയിലും നിരവധി അപകടങ്ങളാണ് ഉണ്ടായത്. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിലെ കൊടും വളവുകൾ അപകട ഭീഷണിയായിരിക്കുകയാണ്. റോഡിന്റെ അശാസ്ത്രിയ നിർമ്മാണം അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാണെന്ന് ആക്ഷേപമുണ്ട്.
റോഡിലെ കൊടുംവളവുകൾ നിലനിർത്തിയാണ് നിർമ്മാണം നടത്തിയത്. റോഡ് കാണാൻ കഴിയാത്ത വിധം വശങ്ങളിൽ കാട് പടർന്നു പിടിച്ചിരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ്. എന്നാൽ അപകടങ്ങളും അപകട മരണങ്ങളും നിത്യസംഭവമായിട്ടും ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തതിൽ പരാതിയും ഉയർന്നിട്ടുണ്ട്. അമിതഭാരം കയറ്റിയ ടിപ്പർ ലോറികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ പായുന്ന റോഡിൽ യാതൊരു സുരക്ഷാ മാർഗ്ഗങ്ങൾ ഇല്ലാത്തതും ആക്ഷേപത്തിന് കാരണമാകുന്നു. വീതി കുറവും കൊടും വളവുകളും നിറഞ്ഞ റോഡിലൂടെയുള്ള അമിത വേഗതയും അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുകയാണ്. അപകടങ്ങൾ പതിവായതോടെ വാഹനങ്ങളുടെ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യങ്ങൾ നേരത്തെ ഉയർന്നിരുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷാ മാർഗങ്ങൾ നടപ്പാക്കാൻ പാടുപെടുന്ന അധികാരികൾ പിന്നെ എല്ലാം മറക്കുകയാണ് പതിവ്.