ചെന്നൈ : തമിഴ്നാട്ടിലെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാനൊരുങ്ങുകയാണ് ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനം. ഈ മാസം രണ്ടിനാണ് വിജയ് തന്റെ പാർട്ടിയുടെ പേര് (തമിഴക വെട്രി കഴകം) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി വാർത്തകളാണ് തമിഴക വെട്രി കഴകത്തെക്കുറിച്ച് പുറത്തുവരുന്നത്.അതിനിടെ പാർട്ടിയുടെ എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞ ദിവസം ചെന്നൈയിൽ ചേർന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വിജയ് ആരാധകരുടെ നേതാവ് ബിസി ആനന്ദാണ് യോഗത്തിൽ അദ്ധ്യക്ഷനായത്. താരം നേരിട്ട് യോഗത്തിൽ പങ്കെടുത്തില്ല. ചെന്നൈയിൽ ഇല്ലാത്തതിനാൽ ഓൺലൈൻ വഴിയാണ് വിജയ് യോഗത്തെ അഭിസംബോധന ചെയ്തത്.
പാർട്ടിയിലെ ഭാരവാഹികൾക്ക് പുറമേ കേരളത്തിൽ നിന്നുളള വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തതായാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് കഴിഞ്ഞാൽ താരത്തിന് ഏറ്റവും കൂടുതൽ ആരാധകരുളള സംസ്ഥാനം കൂടിയാണ് കേരളം. അതിനാൽ തന്നെ കേരളത്തെയും വിജയ് തന്റെ രാഷ്ട്രീയ യാത്രയിൽ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
അഞ്ച് മിനിട്ടോളം താരം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിൽ വിജയ് തന്റെ സങ്കടവും രേഖപ്പെടുത്തി, ജനങ്ങളെ കാണുമ്പോൾ എന്നും ചിരിച്ച മുഖത്തോടെ അവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും കേൾക്കണം. ഒരിക്കലും വിമർശനത്തിൽ തളരരുതെന്ന് പാർട്ടി ഭാരവാഹികളോട് വിജയ് വ്യക്തമാക്കി.