തിരുവനന്തപുരം : അടിപിടിക്കേസില്‍ കസ്റ്റഡിയിലായ പ്രതി സ്റ്റേഷനില്‍ പോലീസുകാരനെ നെഞ്ചിനിടിച്ച് ബോധം കെടുത്തി. പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പള്ളിമണ്‍ കിഴക്കേ ഗോകുലം പൂമങ്കലത്ത് വീട്ടില്‍ ദീപുലാല്‍ (36) ആണ് ജി.ഡി ചാര്‍ജുണ്ടായിരുന്ന എ.എസ്.ഐ രാജേഷിന്റെ നെഞ്ചില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രാജേഷ് ബോധരഹിതനായി വീണു. ഈ സമയം ഗ്രില്ല് തകര്‍ത്ത് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ മറ്റു പോലീസുകാരെത്തിയാണ് കീഴ്പ്പെടുത്തിയത്.
രാജേഷിന് പ്രഥമശുശ്രൂഷ നല്‍കാനുള്ള ശ്രമവും പ്രതി തടസ്സപ്പെടുത്തി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി പ്രതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. പരിക്കേറ്റ എ.എസ്.ഐ രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂയപ്പള്ളിയിലെ ഹോട്ടലില്‍ ദീപുലാലും മറ്റൊരാളും അടിയുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഉടന്‍ പ്രതി അക്രമാസക്തനാവുകയായിരുന്നു.