മുംബൈ: നഗരത്തിലെ റിട്ടയേഡ് ജീവനക്കാരനെ 30 ദിവസം ‘ഡിജിറ്റൽ അറസ്റ്റിൽ’ നിർത്തി 12.8 കോടിരൂപ തട്ടിയ കേസിൽ ഡൽഹിയിലെ വ്യാപാരിയെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഡൽഹി പഹർഗഞ്ച് നിവാസിയായ അരവിന്ദ് സിങ്ങാണ് പിടിയിലായത്. ഡൽഹി കോടതിയിൽ ഹാജരാക്കിയ ഇയാളെ മുംബൈ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കഴിഞ്ഞ ഡിസംബറിലാണ് സ്വകാര്യസ്ഥാപനത്തിൽനിന്നും വിരമിച്ച ചെമ്പൂർ നിവാസിയായ 56-കാരന് പണം നഷ്ടപ്പെട്ടത്. ടെലികോം റഗുലേറ്ററി അതോറിറ്റിയിൽനിന്നാണെന്ന് പരിചയപ്പെടുത്തി ഒരാൾ ഇയാളെ മൊബൈലിൽ വിളിക്കുകയായിരുന്നു. നിങ്ങളുടെ ആധാർകാർഡും ഫോൺ നമ്പറും ഉപയോഗിച്ച് അഞ്ചു സംസ്ഥാനങ്ങളിൽ കള്ളപ്പണ ഇടപാടും ലഹരിമരുന്ന് ഇടപാടും നടന്നിട്ടുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു.
ഇത് പറഞ്ഞുതീർന്ന ഉടൻ വാട്‌സാപ്പിൽ വീഡിയോ കോൾ എത്തി. ക്രൈംബ്രാഞ്ച് ഓഫീസറുടെ വേഷത്തിലുള്ള ഒരാളാണ് പിന്നീട് സംസാരിച്ചത്. അറസ്റ്റ് വാറന്റിന്റെ പകർപ്പും അയാൾ കാണിച്ചു. പിന്നീടുള്ള 30 ദിവസവും ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ സിബിഐ ഓഫീസർ എന്നൊക്കെ പറഞ്ഞ് പലരും വീഡിയോ കോളിൽ വന്നിരുന്നു. തന്റെ അമ്മയുമായി ചേർന്നുള്ള അക്കൗണ്ടിൽനിന്നും 12.8 കോടി രൂപയാണ് കേസിൽനിന്ന് ഒഴിവാകാൻവേണ്ടി ഇയാൾ ഓൺലൈൻ വഴി അയച്ചുകൊടുത്തത്. പണം കിട്ടിയതോടെ അവർ ഫോൺ ബന്ധം വിച്ഛേദിച്ചു. തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. പണം പോയ വഴി പരിശോധിച്ച സൈബർ ക്രൈം ഉദ്യോഗസ്ഥരാണ് അരവിന്ദ് സിങ്ങിന്റെ അക്കൗണ്ട് കണ്ടെത്തിയതും അയാളെ അറസ്റ്റുചെയ്തതും. തട്ടിച്ച പണത്തിൽ 98 ലക്ഷം രൂപ അരവിന്ദ് സിങ്ങിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പോയിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു എന്നത് മാത്രമല്ല തട്ടിപ്പിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നു