കൊരട്ടി : അഞ്ച് സംസ്ഥാനങ്ങളിലായി നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയും കുഴൽപ്പണക്കവർച്ചസംഘത്തലവനുമായ കോടാലി ശ്രീധരൻ അറസ്റ്റിലായി. കാറിൽ സഞ്ചരിക്കവേ വളഞ്ഞ പോലീസിൽനിന്ന് രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും കീഴടക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാൾ. കേരളത്തിൽ മാത്രം ഇയാളുടെ പേരിൽ 47 കേസുകൾ നിലവിലുണ്ടെന്ന് ഡി.ഐ.ജി. അജിതാബീഗം, ജില്ലാ പോലീസ് മേധാവി നവനീത് ശർമ, ഡിവൈ.എസ്.പി. ടി.എസ്. സിനോജ് എന്നിവർ വ്യക്തമാക്കി.
ശ്രീധരനെ പിടികൂടുമ്പോൾ മകൻ അരുൺകുമാറും ഒപ്പമുണ്ടായിരുന്നു. ശ്രീധരനെ കണ്ടെത്താനുള്ള പ്രത്യേക സംഘത്തിന്റെ കഴിഞ്ഞ ഒന്നരവർഷത്തെ ശ്രമത്തിനാണ് ഫലം കണ്ടത്. ദേശീയപാത വഴി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക സംഘം പിൻതുടരുകയായിരുന്നു. പാലിയേക്കരയ്ക്കും കൊരട്ടിക്കും ഇടയിൽ പലവട്ടം പിടികൂടാൻ ശ്രമിച്ചെങ്കിലും മുന്നോട്ടുപോയ കാർ കൊരട്ടി സിഗ്നൽ ജങ്ഷനിലെ ബ്ലോക്കിൽപ്പെടുകയായിരുന്നു. ഇതോടെ പ്രത്യേക സംഘം റോഡിനു കുറുകെ വാഹനം ഇട്ടു പ്രതിയെ വളരെ സാഹസികമായി പിടികൂടുകയായിരുന്നു.