കട്ടപ്പന : വടക്കൻ ജില്ലകളിലെ അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. സജീഷി(43)നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. ചില്ലറപ്പണം നോട്ടുകളാക്കാനായി വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങിയ ക്ഷേത്രം മോഷണ കേസിലെ പ്രതിയാണ് സജീഷ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രങ്ങളിൽ മോഷണം നടത്തി ചില്ലറയായി കിട്ടുന്ന പണം വ്യാപാരസ്ഥാപനങ്ങളിൽ മാറി നോട്ടുകളാക്കുകയാണ് ഇയാളുടെ പതിവ്.
ഇതിന് വേണ്ടി കട്ടപ്പനയിൽ എത്തിയതായിരുന്നു ഇയാൾ. ഇതിനിടെ ഇയാളെ പോലീസ് കണ്ടു. തുടര്‍ന്ന് ഇയാളുടെ പ്രവൃത്തികളിൽ സംശയം തോന്നിയതോടെ പോലീസ് പിൻതുടരുകയായിരുന്നു. തുടര്‍ന്ന് ടൗണിൽ വെച്ചു തന്നെ കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേകസംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. ബാഗിൽ നിന്നും പല കെട്ടുകളായി സൂക്ഷിച്ചിരുന്ന പണവും ബൈക്കുകളുടെ താക്കോലും പോലീസ് കണ്ടടുത്തിട്ടുണ്ട്.
20 വർഷമായി മോഷണം നടത്തുകയായിരുന്നു ഇയാള്‍. പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി നൂറോളം എഫ്.ഐ.ആർ. നിലവിലുണ്ട്. 2022 ജൂലായ് 17-ന് പെരിന്തൽമണ്ണ സബ് ജയിലിൽനിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ 30 ലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. ആയിരത്തോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയുണ്ടെന്നും പറയുന്നു.
കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ. സജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ജെ. സിനോജ്, ടോണി ജോൺ വി.കെ. സനീഷ്, എന്നിവരാണ് അറസ്റ്റുചെയ്തത്. കട്ടപ്പന സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. ദിലീപ് കുമാർ. കെ. എന്നിവർ തുടർ അന്വേഷണം നടത്തുമെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. പ്രതിയെ കട്ടപ്പന കോടതി റിമാൻഡു ചെയ്തു.