മുബൈ: ജയിലില്‍നിന്ന് പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍. കൊലപാതക കേസില്‍ പ്രതിയായ 39കാരനായ അശോക് ഹനുമന്ത കാജേരിയാണ് അറസ്റ്റിലായത്. മുബൈ പോലീസ് ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച തെലങ്കാനയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. വി.ശിവ നരസിമ്മലു എന്ന വ്യാജ പേരില്‍ തെലങ്കാനയിലെ മെഹ്ബൂബ നഗര്‍ ടൗണില്‍ കഴിഞ്ഞുവരുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. യഥാര്‍ഥ പേരും വിലാസവും മറച്ചുവെച്ചാണ് ഇയാള്‍ വര്‍ഷങ്ങളായി തെലങ്കാനയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 2007ല്‍ നടന്ന കൊലപാതക കേസിലാണ് മുബൈ പോലീസ് ഇയാളെ മുബൈയില്‍വെച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
വിചാരണ നടപടികള്‍ക്കൊടുവില്‍ 2008ലാണ് സെഷന്‍സ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. തുടര്‍ന്ന് നാസിക് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 2011ലാണ് ഇയാള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളിലിറങ്ങിയ പ്രതി പിന്നീട് തിരിച്ചുവന്നില്ല. ജീവപര്യന്തം തടവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നാസിക്, ജല്‍ന, ഹിന്‍ഗോളി, പര്‍ഭാനി തുടങ്ങിയ സ്ഥലങ്ങളിലും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും കുറ്റവാളിയെ കണ്ടെത്താനായില്ല.