ലക്നൗ : ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ഏറ്റുമുട്ടലില്‍ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കുറ്റവാളി മോത്തി സിങ്ങിനെ പോലീസ് വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ കാസ്ഗഞ്ചിലെ ഒളിത്താവളത്തില്‍ പോലീസ് നടത്തിയ മിന്നല്‍ ആക്രമണത്തിലാണ് മോത്തി സിങ് കൊല്ലപ്പെട്ടത്.
കാസ്ഗഞ്ചില്‍ അനധികൃതമായി നടത്തിയിരുന്ന മദ്യനിര്‍മാണ ശാലയില്‍ പരിശോധനയ്ക്കെത്തിയ പോലീസുകാരനെ ഫെബ്രുവരി 9ന് കൊലപ്പെടുത്തിയ കേസില്‍ മോത്തി സിങ്ങിനായി പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. സിന്ദ്പുര പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ദേവേന്ദ്രയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനായിരുന്നു നിര്‍ദേശം. മറ്റൊരു പ്രതിയായ മോത്തി സിങ്ങിന്റെ സഹോദരന്‍ എല്‍കര്‍ ഫെബ്രുവരി 9ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
കാസ്ഗഞ്ചില്‍ അനധികൃതമായി നടത്തിയിരുന്ന മദ്യനിര്‍മാണ ശാലയ്ക്കു പിന്നില്‍ മോത്തി സിങ്ങായിരുന്നു. തട്ടിക്കൊണ്ടു പോകല്‍, ലഹരിക്കടത്ത് തുടങ്ങിയവ യുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നേരത്തെതന്നെ നിരവധി പരാതികള്‍ ഉണ്ടായിരുന്നുവെങ്കിലും പോലീസ് നടപടി എടുത്തിരുന്നില്ല. കാസ്ഗഞ്ചിലെ ഒളിത്താവളത്തില്‍ മോത്തി ഉള്ളതായി പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് രഹസ്യസങ്കേതം വളയുകയായിരുന്നു.