കോഴിക്കോട്: തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ എ.ഡി.ജി.പി അജിത് കുമാറിന് വീഴ്ച സംഭവിച്ചുവെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരായ നടപടി എത്രയും വേഗം ഉണ്ടാകണമെന്ന് ഐ.എൻ.എൽ. സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലൂടെ ഈ വിഷയത്തിൽ സമഗ്ര റിപ്പോർട്ട് തയ്യാറാക്കേണ്ടതുണ്ടെന്നും ഐ.എൻ.എൽ ആവശ്യമുന്നയിച്ചു. കേരളത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന ഒരാഘോഷത്തെ അലങ്കോലപ്പെടുത്തിയ
ദുഷ് ചെയ്തിയെ അതർഹിക്കുന്ന ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. സംഘപരിവാർ നേതൃത്വവുമായുള്ള എ.ഡി.ജി.പിയുടെ നിരന്തര സമ്പർക്കത്തിന്റെ വാർത്തകൾ കേരളീയ സമൂഹത്തെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നുണ്ട്. വയനാട്ടിലെ ഉരുൾ ദുരന്ത കാലത്ത് എ.ഡി.ജി.പിയുമായി ദീർഘനേരം ചർച്ച നടത്തിയ കാര്യം ആർ .എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി സ്ഥിരീകരിച്ചത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.