പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രി സൗകര്യങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ച ആർ.എം.ഒ ദിവ്യ രാജനെതിരെ നടപിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ചു. എസ്ഡിപിഐ പത്തനംതിട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് നിയാസ് കൊന്നമൂട് ഉദ്ഘാടനം ചെയ്തു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് പത്തനംതിട്ട ജനറൽ ആശുപത്രിയെ സ്വന്തം കുടുംബവീടാക്കി മാറ്റിയ ആർ.എം.ഒ ദിവ്യ രാജനെതിരെ മാതൃകാപരമായി നടപടിയെടുക്കണം. കഴിഞ്ഞദിവസം വളർത്തു നായയുമായാണ് ഇവര്‍ ആശുപത്രിയിൽ എത്തിയത്.
ഗുരുതര രോഗികള്‍ ഉള്ള ഭാഗത്ത് നായയുമായെത്തിയ ഇവരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ആർഎംഒ എന്ന നിലയിൽ ദിവ്യരാജന്‍ തികഞ്ഞ പരാജയമാണ്. ജീവനക്കാരോടും രോഗികളോടും വളരെ ധാർഷ്ട്യത്തോടെയാണ് അവർ പെരുമാറുന്നത്. മാത്രമല്ല ഇവരുടെ ഇലട്രിക് കാര്‍ റീചാര്‍ജ്ജ് ചെയ്യുന്നതും ആശുപത്രിയില്‍ നിന്നാണെന്നും പരാതിയുണ്ട്. താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് ന്യായീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എസ്ഡിപിഐ ആറന്മുള നിയോജക മണ്ഡലം സെക്രട്ടറി അന്‍സാരി കൊന്നമൂട് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്‍റ് റമീസ് റഹീം, ഓര്‍ഗനൈസിങ് സെക്രട്ടറി പീ എം നാസറുദ്ദീന്‍, കമ്മിറ്റിയംഗം കെ എച്ച് ഷാജീ, ഫൈസി, ബ്രാഞ്ച് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.