തിരുവനന്തപുരം: ഡിസ്ചാര്‍ജ് മാര്‍ഗരേഖയില്‍ സുപ്രധാന മാറ്റം വരുത്തിയിട്ടും ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ (ആക്ടീവ് കേസുകളില്‍) സംസ്ഥാനം യു.പിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക്. മഹാരാഷ്ട്രയും (6,59,013) കര്‍ണാടകയും (4,44,754) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ തിങ്കളാഴ്ചവരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ ആക്ടീവ് കേസുകള്‍ 3,46,230 ആണ്.
പ്രതിദിന കേസുകള്‍ കൂടുകയും ആശുപത്രികളില്‍ രോഗികളുടെ എണ്ണം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണങ്ങളുള്ളവരുമായി കോവിഡ് ബാധിതര്‍ക്ക് പരിശോധനയില്ലാതെ തന്നെ രോഗമുക്തി നിര്‍ണയിക്കുംവിധം ഡിസ്ചാര്‍ജ് മാനദണ്ഡങ്ങളില്‍ സംസ്ഥാനം ഇളവ് വരുത്തിയിരുന്നു.
മൂന്ന് ദിവസം തുടര്‍ച്ചായി ലക്ഷണങ്ങളില്ലെങ്കില്‍ രോഗം ഭേദമായതായി കണക്കാക്കാമെന്നാണ് പുതിയ മാനദണ്ഡം. ഇതോടെ രോഗമുക്തി നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആറാമതാണ് കേരളം. പ്രതിദിനം 16,296 പേര്‍ക്കാണ് ഇവിടെ രോഗം ഭേദമാകുന്നത്. രാജ്യത്തെ മൊത്തം കോവിഡ് മുക്തിയുടെ 73 ശതമാനവുമുള്ള പത്ത് സംസ്ഥാനങ്ങളില്‍ ഒന്നാമതുള്ള മഹാരാഷ്ട്രയില്‍ 51356 പേര്‍ക്കാണ് രോഗം ഭേദമാകുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ളത് എറണാകുളം ജില്ലയിലാണ്, 54,076 പേര്. കുറവ് 6039 ആക്ടീവ് കേസുകളുള്ള കൊല്ലത്തും. കോട്ടയം, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളിലൊഴികെ മറ്റ് എട്ടിടങ്ങളിലും 15,000 ന് മുകളില്‍ രോഗികളാണ് ചികിത്സയിലുള്ളത്.
ആക്ടീവ് കേസുകള്‍
എറണാകുളം 54076
മലപ്പുറം 38754
തൃശൂര്‍ 37756
തിരുവനന്തപുരം 27776
പാലക്കാട് 24321
കണ്ണൂര്‍ 23514
ആലപ്പുഴ 19924
കോട്ടയം 16615
ഇടുക്കി 14283
കാസര്‍കോട് 13014
പത്തനംതിട്ട 12113
വയനാട് 11005
കൊല്ലം 6039