കറുകച്ചാല്‍ : സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാവുന്നു. കോട്ടയം കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ മറിയം തോമസ് ആണ് വധു. മനശാസ്ത്രജ്ഞയാണ് മറിയം. ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹവും മറിയത്തിന്റെ ആദ്യ വിവാഹവുമാണ് ഇത്. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ചു.
43കാരനായ ചെമ്പന്റെയും 25കാരിയായ മറിയത്തിന്റെയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ ഫെബ്രുവരി മാസം അഞ്ചിനാണ് ചെയ്തിരിക്കുന്നത്. സ്പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് നോട്ടീസ് അപ്ലിക്കേഷന്‍ ഫയല്‍ ചെയ്ത് മുന്നുമാസത്തിനുള്ളില്‍ വിവാഹം നടക്കണം. എന്നാല്‍ വിവാഹ തിയതിയെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. എവിടെവെച്ചായിരിക്കും വിവാഹമെന്നതും പുറത്തുവിട്ടിട്ടില്ല. നായകനായും സഹനടനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ചെമ്പൻ വിനോദ്.
ചുരുങ്ങിയ കാലംകൊണ്ട് മികച്ച നടൻ എന്ന ശ്രേണിയിലേക്ക് ചെമ്പൻ വിനോദ് എത്തി. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റി. ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‍ഐയില്‍ മികച്ച നടനുള്ള പുരസ്‍കാരം ചെമ്പൻ വിനോദിന് ലഭിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്.