കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടൻ വിനയ് ഫോർട്ട്.
“ചുരുളിയിൽ അഭിനയിച്ചതിൽ അങ്ങേയറ്റം അഭിമാനമുണ്ട്. ചുരുളിയുടെ തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നു,” എന്നു വിനയ് ഫോർട്ട് പറഞ്ഞു. മികച്ച സംവിധായകന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഇപ്പോഴും എന്നും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോർട്ട് പ്രതികരിച്ചു. ഇതിനിടെ ചുരുളി സിനിമ വിവാദത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മറുപടിയുമായി നടൻ ജോജു ജോർജ് രംഗത്തുവന്നു.
ഫെസ്റ്റിവലിനായി മാത്രം നിർമിക്കുന്ന സിനിമ എന്ന് പറഞ്ഞത് കൊണ്ടാണ് അഭിനയിച്ചത്. തുണ്ട് കടലാസിനു പകരം സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാർത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോർജ് പറഞ്ഞു. ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി നടൻ ജോജു ജോർജ് രംഗത്ത് വന്നത്. സിനിമയ്‌ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിർമിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ഈ സിനിമയിൽ അഭിനയിച്ചതെന്ന് ജോജു ജോർജ് വ്യക്തമാക്കി. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാർഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു.