കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിക്കെതിരായ വിമര്‍ശനം വീണ്ടും ശക്തമാക്കി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇവിടെ ചിലരുടെ ന്യായീകരണങ്ങള്‍ കാണുമ്പോള്‍ പരമപുച്ഛമാണ് തോന്നുന്നത്. മറ്റു ചിലര്‍ പറയുന്ന ജുഡീഷ്യറിയെ അധിക്ഷേപിക്കുകയോ ആക്ഷേപിക്കുകയോ അരുതെന്ന്. ഇവിടെ ആരാണ് ജുഡീഷ്യറിയെ അധിക്ഷേപിച്ചതെന്നാണ് എനിക്ക് ചോദിക്കാണുള്ളത്. 2018 ല്‍ വന്ന മെമ്മറി കാര്‍ഡ് പരിശോധനയുടെ എഫ് എസ് എല്‍ റിപ്പോര്‍ട്ട് വിചാരണ കോടതി രണ്ട് വര്‍ഷം പൂഴ്ത്തിവെച്ചത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
വിചാരണ കോടതിയുടെ അധികാരത്തിന് കീഴിലിരിക്കെ മെമ്മറി കാര്‍ഡ് ഒരു വിവോ മൊബൈല്‍ ഫോണിലിട്ട് കണ്ടത് എന്തിനായിരുന്നു. രാഹുല്‍ ഈശ്വര്‍ ഒക്കെ പറയുന്നുണ്ടല്ലോ ഇത് കോപ്പി ചെയ്തിട്ടില്ല, കോപ്പി ചെയ്തിട്ടില്ലാ എന്ന്. അദ്ദഹേത്തിന് വാങ്ങിച്ച കാശിനുള്ള നന്ദി കാണിക്കണമല്ലോ. പക്ഷെ എനിക്ക് ചോദിക്കാനുള്ളത് ആ മൊബൈലില്‍ വെച്ച് ദൃശ്യങ്ങള്‍ കാണുമ്പോള്‍ മറ്റൊരു ഫോണ്‍ വെച്ച് ഷൂട്ട് ചെയ്താലും പോരെയെന്നാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ഇവിടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപും ദിലീപിന്റെ അനിയനും കൂടെ റീക്രിയേറ്റ ചെയ്ത സംഭവം കൂടെ ഉണ്ടെന്നുള്ളത് ഓര്‍ക്കണം. കോടതിയില്‍ ഒരു തവണ മാത്രം, വക്കീലന്മാരോടും ജഡ്ജിയോടും ഒപ്പമിരുന്ന് ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അതിലെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസമായപ്പോഴാണ് ആ ദൃശ്യങ്ങളില്‍ മറ്റൊരു സ്ത്രീയുടേയും കിളികളുടെ ശബ്ദം കേള്‍ക്കുന്നു എന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറയുന്നത്. അത് വീണ്ടും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ മറുവശത്തും നില്‍ക്കുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്.
2018 ല്‍ എഫ് എസ് എല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം 2020 ലാണ് വിചാരണ കോടതിയില്‍ കിട്ടുന്നത്. അതിന് ശേഷം 2022 വരെ ഇത് പൂഴ്ത്തിവെക്കുന്നു. ആ വിചാരണ കോടതിയെ എങ്ങനെ വിശ്വസിക്കും. ചിലര്‍ പറയുന്നുണ്ട് കോടതികളെ കുറ്റം പറയരുതെന്ന്. എന്തൊക്കെയാണെങ്കിലും ഈ സമയത്ത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തേണ്ടത് കോടതിയെയാണ്. അല്ലെങ്കില്‍ ഇത് നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പറഞ്ഞ് കൊടുക്കാമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
വിചാരണ കോടതിയുടെ ഓരോ വിധികളും വരുമ്പോള്‍ വളരെ വ്യക്തമായി ചില കാര്യങ്ങള്‍ നമ്മള്‍ കാണുന്നു. ഒരു കോടതിയിലും കേട്ടുകേള്‍വിയില്ലാത്ത ചോദ്യങ്ങളും ആളുകളെ മണ്ടന്‍മാരാക്കുന്ന പരാമര്‍ശങ്ങളുമാണ് വിചാരണ കോടതിയില്‍ വന്നുകൊണ്ടിരിക്കുന്നത്. എത്ര കാലമാണ് ഇതൊക്കെ സഹിച്ച് കൊണ്ടിരിക്കുകയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറന്‍സിക് പരിശോധന ഫലം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കേസ് പരിഗണിച്ച 3 കോടതികളുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും 3 തവണ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന് പരിശോധിച്ചെന്നാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കുന്നത്.