കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ഒഴികെയുള്ള മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്ക് നേരത്തെ തന്നെ ഹൈക്കോടതിയില്‍ നിന്നും സുപ്രിം കോടതിയില്‍ നിന്നുമൊക്കെയായി ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ നാലാം പ്രതി വിജീഷിനും ഒന്നാം പ്രതി പള്‍സര്‍ സുനിക്കും ജാമ്യം ലഭിച്ചിരുന്നില്ല.
വിചാരണ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തില്‍ തന്നെ ജയിലില്‍ ഇടുന്നത് സുപ്രിം കോടതി വിധികളുടെ അടക്കം ലംഘനമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു വിജീഷിന്റെ വാദം. കേസില്‍ തന്നെ പോലെ തന്നെ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട ദിലീപ് ഉള്‍പ്പെടെ നേരത്തെ തന്നെ ജാമ്യം നേടിയിരുന്നുവെന്നും വിജീഷ് കോടതിയില്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്. കഴിഞ്ഞ ദിവസവും പള്‍സര്‍ സുനി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു.