കൊച്ചി : സംസ്ഥാനത്തേത് സ്ത്രീവിരുദ്ധ സര്‍ക്കാറെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആക്രമിക്കപ്പെട്ട നടി വളരെ ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ സി പി എം നേതാക്കള്‍ ഇടനില നിന്നുവെന്ന ആരോപണം നടി ഉയര്‍ത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സമാന്തരമായ അന്വേഷണം വേണം. ഇടനിലക്കാരായ സി പി എം നേതാക്കളുടെ പേര് പുറത്തുവരണം. നടി ആക്രമിക്കപ്പെട്ട കേസ് പാതി വെന്ത നിലയിലാണ് കോടതിയിലെത്തിയതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
പി സി ജോര്‍ജ്ജിന് ജാമ്യം കിട്ടാനും ഒളിവില്‍ പോകാനും എല്ലാം സി പി എം നേതാക്കള്‍ ഇടനില നില്‍ക്കുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി സര്‍ക്കാര്‍ നിലകൊള്ളുകയാണ്. കേസില്‍ ഇടനില നിന്നത് ആരാണെന്ന് കൃത്യമായി അറിയാം. തെളിവുകളുടെ പിന്‍ബലത്തില്‍ അക്കാര്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് നടക്കുന്നുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കള്ളവോട്ടിന് കൂട്ടുനിന്നാല്‍ അവര്‍ക്കെതിരെ സുപ്രീം കോടതി വരെ പോകാനും തയ്യാറാണെന്നും വി ഡി സതീശന്‍ പറഞ്ഞു