കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം തയാറായി. കുറ്റപത്രത്തില്‍ ദിലീപിന്റെ സുഹൃത്തായ ശരത്തിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പീഡന ദൃശ്യങ്ങള്‍ ശരത് വഴി ദീലിപിന്റെ കയ്യിലെത്തി എന്നുതന്നെയാണ് കുറ്റപത്രം ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി അവസാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഉള്‍പ്പടെ മൂന്നാഴ്ചത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ വിചാരണക്കോടതിയില്‍ ഉടന്‍ തന്നെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴിയെടുത്തെങ്കിലും എണ്‍പതോളം പേരെയാണ് കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത്.
2017 നവംബര്‍ മാസത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കയ്യിലെത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐ പി എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമെത്തിയതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്. ആദ്യമുള്ളത് ദിലീപിന്റെ വീട്ടില്‍ ശരത് കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സാക്ഷിയായ സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ നേര്‍സാക്ഷി വിവരണമാണ്. രണ്ടാമത്തേത് ദൃശ്യങ്ങളെക്കുറിച്ച് ദിലീപും സഹോദരന്‍ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവര്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ്.
അനൂപിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളെക്കുറിച്ചുള്ള നാലുപേജ് വിവരണം കിട്ടിയിരുന്നു. 2017 ഡിസംബര്‍ മുപ്പതിനാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തിയെന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ നിന്ന് കണ്ടെടുക്കാനായില്ലെങ്കിലും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.