കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും.അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
എന്നാല്‍, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹര്‍ജിയിലുണ്ട്. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയത്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതില്‍ വിചാരണ കോടതി തുടര്‍ നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു ഈ കേസിലെ ക്രൈം ബ്രാഞ്ച് ഹര്‍ജി. ജഡ്ജിക്കെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. നേരത്തെ അതിജീവിത നല്‍കിയ സമാന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബെഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചത്.