തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു.
സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തതെന്ന് മഞ്ജുവിന്‍റെ അഭിഭാഷക ശാന്തി മായാദേവി വ്യക്തമാക്കി. ഈ മാസം 30 ന് ഹാജരാക്കാൻ പ്രതികൾക്ക് കോടതി നോട്ടീസ് നൽകി. ഒപ്പം അപകീർത്തികരമായ പോസ്റ്റുകൾ ചെയ്യുന്നതിന് സനൽകുമാർ ശശിധരനും, ഷാജൻ സ്കറിയക്കും വിലക്കും ഏർപ്പെടുത്തി. അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മെറ്റയ്ക്ക് നോട്ടീസും അയച്ചു.































