കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഇന്നലെ ഹര്‍ജി പരിഗണിച്ചെങ്കിലും വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ബഞ്ച് കേസ് പരിഗണിച്ചത്. അന്വേഷണം നടക്കുന്നില്ലെന്ന് ഇര ആരോപിച്ചു. അതി ജീവിതയുടെ ഭീതി അനാവശ്യമാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ ഹര്‍ജിക്കാരി പിന്‍വലിക്കണം. ഇരയെ വിശ്വാസത്തില്‍ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് . ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്.
മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പ്രഗത്ഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്നാവശ്യപ്പെട്ടുവെന്നും ഡിജിപി ടി.എ. ഷാജി ബോധിപ്പിച്ചു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ ഇര അഭിപ്രായം അറിയിച്ചിട്ടുണ്ടന്നും നിയമന നടപടികള്‍ പുരോഗമിക്കുയാണന്നും ഡിജിപി അറിയിച്ചു. ഇരയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ആരോ കണ്ടിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടന്നും പരിശോധനക്ക് ഫോറന്‍സിക് ലാബില്‍ അയക്കാന്‍ വിചാരണക്കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടന്നും റിപ്പോര്‍ട്ട് തേടണമെന്നും ഡിജിപി ആവശ്യപ്പെട്ടു. അടുത്ത സിറ്റിംഗില്‍ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
തുടരന്വേഷണ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന് ഇര വാദത്തിനിടെ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍പ്പില്ലന്ന് ഡിജിപി അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ച സമയം നീട്ടാനാവില്ലന്ന് കോടതി വ്യക്തമാക്കി. ദിലീപിനെ കക്ഷി ചേര്‍ത്തിട്ടില്ലന്നും അവരുടെ അവകാശങ്ങളും തടസപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് സര്‍ക്കാരിനും വിചാരണക്കോടതിക്കും എതിരെയാണ് ഹര്‍ജി നല്‍കിയത്. നല്ല നിലയില്‍ മുന്നോട്ട് നീങ്ങിയ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നുമാണ് സര്‍ക്കാരിനെതിരായ ആരോപണം. അന്വേഷണം തടസ്സപ്പെടുത്തി പ്രതികളെ സഹായിക്കുന്ന സമീപനമാണ് വിചാരണക്കോടതി സ്വീകരിക്കുന്നതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്ന് ചുണ്ടിക്കാട്ടിയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികള്‍ക്ക് ഗുണകരമായന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പോലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിര്‍ത്തിയിരിക്കുകയാണ്.
ഈ മാസം മുപ്പതിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.