തിരുവനന്തപുരം : നിർമാണക്കാലയളവ് അഞ്ചുവർഷംകൂടി നീട്ടി നൽകിയതോടെ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വർഷത്തേക്ക് അദാനി ഗ്രൂപ്പിനാകും. കരാർപ്രകാരം 40 വർഷത്തേക്കാണ് നടത്തിപ്പവകാശം അദാനിക്ക് നൽകിയിരുന്നത്. എന്നാൽ, സ്വന്തം നിലയിൽ തുക മുടക്കി രണ്ടുംമൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ നടത്തിപ്പവകാശം 20 വർഷത്തേക്കുകൂടി നൽകണമെന്ന വ്യവസ്ഥയും പ്രകൃതി ദുരന്തങ്ങൾ കാരണം നിർമാണപ്രവൃത്തികൾ വൈകിയതിന് സർക്കാർ നീട്ടി നൽകിയ അഞ്ചു വർഷം കൂടി ചേരുമ്പോഴാണ് 65 വർഷമാകുന്നത്. സർക്കാർ രൂപവത്‌കരിച്ച വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന് (വിസിൽ) തുറമുഖം കൈമാറുക 2075 ലായിരിക്കും.
2015-ൽ നിർമാണം തുടങ്ങിയ പദ്ധതി 2019 ഡിസംബറിലാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. തുടർന്ന് 2055-ൽ നടത്തിപ്പ് വിസിലിന് കൈമാറാനായിരുന്നു പദ്ധതി. രാജ്യത്തെ പി.പി.പി. (പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികൾ) സാധാരണ 30 വർഷത്തേക്കാണ് സ്വകാര്യപങ്കാളിക്ക് നടത്തിപ്പവകാശം നൽകാറ്. വിഴിഞ്ഞം പദ്ധതിയുടെ കരാറിൽ ഇത് 40 വർഷമായി ഉയർത്തി നൽകിയെന്നാരോപിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ എൽ.ഡി.എഫ്. രംഗത്തുവന്നിരുന്നു.