ന്യൂഡൽഹി : സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള അധികഭൂമി വിറ്റ് പണമാക്കി മാറ്റാനുള്ള നിർദേശം ഉടൻ നടപ്പാവും. മന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചതാണിത്. നഷ്ടത്തിലുള്ളതോ പൂട്ടാനൊരുങ്ങുന്നതോ ആയ സ്ഥാപനങ്ങളുടെ ഭൂമിയും ഈ വിഭാഗത്തിൽപെടും.
ഭൂമി ഇടപാടുകൾക്കായി പ്രത്യേക കാര്യനിർവഹണ സംവിധാനം-എസ്.പി.വി. (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) രൂപവത്കരിക്കും. ഇതിന്റെയും പദ്ധതി നടപ്പാക്കുന്നതിന്റെയും വിശദാംശങ്ങൾ ഉടൻതന്നെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമെന്നാണ് വിവരം. സർക്കാരിന്റെ ആസ്തികൾ വിറ്റു പണമാക്കുന്ന ദേശീയ ധനസമാഹരണ പദ്ധതി ധനമന്ത്രി ഈയിടെ ഉദ്ഘാടനം ചെയ്തിരുന്നു.
സംസ്ഥാന സർക്കാരുകളുടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും എസ്.പി.വി. മുഖേന ഭൂമിയിടപാടുകൾ നടത്താനാവും. സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള അധികഭൂമി, കെട്ടിടങ്ങൾ തുടങ്ങിയവയുടെ ഒരു ശേഖരമുണ്ടാക്കിയാണ് കൈമാറ്റം ചെയ്യുക. ഈ മേഖലയിലെ വിദഗ്ധർ ആയിരിക്കും ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുക. ഇതിനായി നിശ്ചിത ഫീസ് ഈടാക്കും.