പത്തനംതിട്ട : കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടത്തിയ രണ്ടു ദിവസത്തെ പരാതി പരിഹാര അദാലത്ത് സമാപിച്ചു. അദാലത്തില്‍ ആകെ 173 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 130 എണ്ണം പരിഹരിച്ചു. പുതുതായി 14 പരാതികള്‍ ലഭിച്ചു. അഞ്ച് കേസുകളില്‍ സ്ഥലം സന്ദര്‍ശിക്കാനും തീരുമാനമായി. അദ്യ ബെഞ്ചിന് ചെയര്‍മാന്‍ ബി.എസ്. മാവോജിയും രണ്ടാമത്തെ ബെഞ്ചിന് മെമ്പര്‍ എസ്. അജയകുമാറും ബെഞ്ച് മൂന്നിന് മെമ്പര്‍ അഡ്വ. സൗമ്യ സോമനും നേതൃത്വം നല്‍കി.
സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മാനുഷിക പരിഗണന നല്‍കി പരിഹരിക്കണമെന്ന് പട്ടികജാതി പട്ടിക ഗോത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി പറഞ്ഞു. പരാതിക്കാര്‍ സങ്കടങ്ങള്‍ പറയുമ്പോള്‍ ക്ഷമയോടെ കേള്‍ക്കാനും കഴിയുന്നിടത്തോളം അത് പരിഹാരമാക്കി വിടാനും ശ്രമിക്കുന്ന കാഴ്ചയ്ക്കാണ് അദാലത്തില്‍ കണ്ടത്. ആദ്യ ദിവസം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും രണ്ടാമത്തെ ദിവസം ജില്ലാ പഞ്ചായത്ത് ഹാളിലുമായിരുന്നു അദാലത്ത്.