പാലക്കാട്: ആദിവാസി കുടുംബത്തിന് മർദ്ദനം. പാലക്കാട് അട്ടപ്പാടി ഊരടം ഊരിലെ ആദിവാസി കുടുംബത്തെ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് വാച്ചർമാരും മർദ്ദിച്ചതായാണ് പരാതി. കുറുമ്പ വിഭാഗത്തിൽ പെട്ട രാമനും ഭാര്യ മലരിനും നേരെയാണ് മർദ്ദനം ഉണ്ടായത്. മർദ്ദനത്തിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ഊരടം ആദിവാസി കോളനി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവിടേക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനും വനംവകുപ്പ് വാച്ചറും എത്തിയത്. പരിസരത്ത് എവിടെയാണ് കഞ്ചാവ് തോട്ടം എന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് രാമനും ഭാര്യയും വെളിപ്പെടുത്തി. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥൻ ഇവരെ പൊതിരെ തല്ലിയതെന്നാണ് ആരോപണം. മുള്ള് കമ്പി കൊണ്ട് കൈകൾ കൂട്ടി കെട്ടിയതായും ഇവർ പറയുന്നു.