കോട്ടയം : തിരുവാര്‍പ്പ് മര്‍ത്തശ്ശ്മൂനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. പുലര്‍ച്ചെ 4 മണിയോടെ പോലീസും തഹസീല്‍ദാര്‍ അടക്കമുള്ള സംഘവും എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പള്ളിയുടെ ബിഷപ്പ് ഹൗസില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്തയേയും വിശ്വാസികളേയും അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസം പളളിയില്‍ നിന്ന് മാറാം എന്നുളള ധാരണയില്‍ എത്തിയിരുന്നെങ്കിലും ബിഷപ്പ് ഹൗസില്‍ നിന്ന് മാറാനാവില്ലെന്ന നിലപാടാണ് വിശ്വാസികളും അതുപോലെത്തന്നെ മുംബൈ ഭദ്രാസനാധിപനും എടുത്തത്.
തഹസില്‍ദാര്‍ ഈ വിവരം ജില്ലാ കളക്ടറെ അറിയിച്ചു. എന്നാല്‍ വ്യാഴാഴ്ച രാവിലെ പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്ന അന്തിമ നിര്‍ദേശമാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. ഇതോടെ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വന്‍ പോലീസ് സന്നാഹത്തോടെ റവന്യൂ ഉദ്യോഗസ്ഥര്‍ പള്ളിയിലെത്തി. വിശ്വാസികളുടെ പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും മുളന്തുരുത്തി പളളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ പോലെയുളള വലിയ സംഘര്‍ഷങ്ങളൊന്നും ഇവിടെയുണ്ടായില്ല. അഞ്ചരയോടെ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പള്ളിയും ബിഷപ്പ് ഹൗസും സീല്‍ ചെയ്ത് റവന്യൂ സംഘം മടങ്ങുകയായിരുന്നു.