പന്തളം: പന്തളം നഗരസഭയിലെ അശാസ്ത്രീയ നികുതി ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ചൂഷണമാണെന്നും, നിയമങ്ങളിലും ചട്ടങ്ങളിലും ഉള്ള അറിവുകേട് ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേർന്ന് അഴിമതിനടത്താനുള്ള അവസരമായി കാണരുതെന്നും, നഗരസഭ ചട്ടത്തിലെ 539 ആം വകുപ്പായ മൂന്നു വർഷത്തിൽ കൂടുതലുള്ള ഡിമാൻഡ് ചെയ്യാത്ത നികുതി പിരിക്കുന്നതിന് യാതൊരു ജപ്തിയോ വ്യവഹാരമോ പാടില്ലാത്തതാണെന്നുള്ള ചട്ടം പ്രകാശനം ചെയ്തുകൊണ്ട് പ്രശസ്ത സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജി അഭിപ്രായപ്പെട്ടു . പന്തളം നഗരസഭയിലെ അശാസ്ത്രീയ നികുതി വർദ്ധനവിനെതിരെ ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ എന്ന പന്തളത്തെ വാസഗൃഹ വാണിജ്യ കെട്ടിട ഉടമ കൂട്ടായ്മയുടെ പൊതുയോഗം പന്തളം എമിനൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം വരെയുള്ള നികുതി അടച്ച് യാതൊരു കുടിശ്ശികയും ഇല്ലാതിരുന്ന തന്നിൽ നിന്നും മുൻകാലം മുതലുള്ള കുടിശിക നികുതിയും പലിശയും പിഴപ്പലിശയും ഉൾപ്പെടെ വീണ്ടും കെട്ടിടനികുതി ആയി കൈപ്പറ്റി എന്നും വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ നഗരസഭ ഉദ്യോഗസ്ഥരോട് പൊരുതി ജയിക്കുവാനുള്ള അനാരോഗ്യം കാരണം മനസ്സില്ല മനസ്സോടെ ചോദിച്ച നികുതി നഗരസഭയിൽ കൊടുക്കേണ്ടി വന്നു എന്നും അധ്യക്ഷ പ്രസംഗം നടത്തിയ പന്തളം കൊട്ടാരം നിർവാഹക സമിതി മുൻ അംഗം പി. രാമവർമ്മ രാജയും അഭിപ്രായപ്പെട്ടു.
നാളിതുവരെ നിയമവിരുദ്ധമായി നഗരസഭ വാങ്ങിയ അധികനികുതിയും അതിന് ഈടാക്കിയ പലിശയും പിഴപ്പലിശയും തിരികെ നൽകുന്നതിനും, അനധികൃത നിർമ്മാണം എന്ന യു എ പതിക്കലും അശാസ്ത്രീയ നികുതി വർദ്ധനവും പന്തളത്തെ നഗരസഭ നിവാസികളുടെ സമാധാനം കെടുത്തുന്നതായും, മേലിൽ നഗരസഭ കൗൺസിൽ യോഗങ്ങൾ പൊതുജനങ്ങൾക്ക് വീഷിക്കുന്നതിനു സൗകര്യം ഒരുക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു . നഗരസഭ നിവാസികളുടെ നികുതിവർധനവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിലേക്കായി കോടതിയെ സമീപിക്കുന്നതിനും മറ്റു നടപടികളിലേക്കു കടക്കുന്നതിന് യോഗം ഏകകണ്ഠേന തീരുമാനിക്കുകയും ഏഴുപേരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും, 15 പേരുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും നഗരസഭയിലെ 33 വാർഡിൽ നിന്നും ഒരാളെ വീതം ഉപദേശക സമിതി അംഗമായും തിരഞ്ഞെടുത്തു. യോഗത്തിൽ ആർ പ്രേംശങ്കർ സ്വാഗതവും സുഭാഷ് കുമാർ വി സി , ഇ എസ് നുജുമുദീൻ , പി പി ജോൺ, റെജി പത്തിയിൽ, അശോക് കുമാർ, ജോർജുകുട്ടി, ഹാരിസ് എന്നിവർ വിഷയവും അവതരിപ്പിച്ചു, ബിനു ജോൺ നന്ദിയും അറിയിച്ചു.