പത്തനംതിട്ട : പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആലോചിക്കുന്നതിനായി പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഈ മാസം 23 മുതലാണ് ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നത്. പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ടേകാല്‍ കോടി രൂപയുടെ പദ്ധതി എന്‍ എച്ച് എം വഴി നടപ്പാക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.
അടിയന്തിരമായി 35 ലക്ഷം രൂപ ചിലവഴിച്ച് ഒപി നവീകരണം നടത്തും. ആശുപത്രിയിലെ ജലവിതരണം വാട്ടര്‍ അതോറിറ്റി സുഗമമാക്കും. ബ്ലോക്ക് പഞ്ചായത്ത് ഒരു ഡോക്ടറെയും ഫാര്‍മസിസ്റ്റിനെയും ഇവിടെ നിയമിക്കും. കിടത്തി ചികിത്സയ്ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പെരുനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കും. പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്. മോഹനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ഡിപിഎം ഡോ. ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ചിഞ്ചു റാണി, എസ്. ഹരിദാസ്, റോബിന്‍ കെ തോമസ് എന്നിവര്‍ സംസാരിച്ചു.