കണ്ണൂർ : എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കളക്ടർക്ക് പങ്കുണ്ടെന്നാരോപിച്ച് കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ചയുടേയും കെഎസ് യുവിന്റേയും പ്രതിഷേധം. കളക്ടറേറ്റിന് മുന്നിൽ പോലീസ് സംരക്ഷണം ഒരുക്കിയെങ്കിലും യുവമോർച്ചയുടെ പ്രവർത്തകർ ഗേറ്റിനടുത്തേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവരെ പോലീസ് തടഞ്ഞു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ജില്ലാ കളക്ടറെ കണ്ട് സംസാരിച്ചതിനു ശേഷമേ മടങ്ങുകയുള്ളൂ എന്ന നിലപാടിലായിരുന്നു പ്രവർത്തർ. കളക്ടർ സ്ഥാനത്ത് നിന്ന് മാറി അന്വേഷണം നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
യുവമോർച്ചയുടെ പ്രതിഷേധത്തിന് ശേഷമാണ് കെഎസ്‌യു പ്രതിഷേധം ഉണ്ടായത്. കളക്ടർ ചുമതലയിൽ നിന്ന് ഒഴിയുന്നതുവരെ പ്രതിഷേധങ്ങൾ തുടരുമെന്നാണ് കെഎസ്‍യുവിൻ്റെ നിലപാട്. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ നീക്കാൻ ശ്രമിച്ചെങ്കിലും കളക്ടറേറ്റ് കോമ്പൗണ്ടിനുള്ളിൽ കയറിയിരുന്ന് കെഎസ്‍യു പ്രവർത്തകർ പ്രതിഷേധിച്ചു. അതിനിടെ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ഗീത കണ്ണൂർ കളക്ടറേറ്റിലെത്തി കളക്ടറുടെ മൊഴിയെടുത്തു. എഡിഎമ്മിന്റെ മരണത്തിൽ വസ്തുത അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ശേഷം യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത രണ്ട് ഡെപ്യൂട്ടി കളക്ടർമാരുടെയും ജീവനക്കാരുടെയും സ്റ്റാഫ് കൌൺസിൽ അംഗങ്ങളുടെയും മൊഴിയെടുത്തു.